വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം സിനിമ കണ്ടും വിജയം ആഘോഷിച്ചും ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ടീം

November 14, 2019

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25’ എന്ന ചിത്രം. വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ചിത്രം കണ്ടും കേക്കുമുറിച്ചും വിജയമാഘോഷിച്ചിരിക്കുകയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ ടീം. ഇടപ്പള്ളി വനിത-വിനീത തിയേറ്ററിലാണ് സുരാജും സൗബിനും അടങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമ കണ്ടതും കേക്ക് മുറിച്ച് വിജയം ആഘോഷിച്ചതും.

ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ കാര്യത്തില്‍ പകരംവെയ്ക്കാനില്ലാത്ത പ്രതിഭകളാണ് സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുകയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന ചിത്രത്തിലൂടെ. പ്രഖ്യാപനം മുതല്‍ക്കെ ചിത്രത്തെ പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. തിയേറ്ററുകളിൽ  പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Read more:ശിശുദിനിത്തില്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മനോഹരമായൊരു താരകുടുംബ ചിത്രം

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡാണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൈജു ശ്രീധരന്‍ സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.