‘ചാച്ചാജി’യിലെ വൈഷ്ണവി ആലപിച്ച ഗാനം പുറത്തിറങ്ങി; വീഡിയോ

November 18, 2019

എം ഹാജ മൊയ്തീൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘ചാച്ചാജി’. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്  ‘ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച….’ എന്ന ഗാനം  റിലീസ് ചെയ്തത്. ഫ്‌ളവേഴ്സ് ടോപ് സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ വൈഷ്ണവി പണിക്കർ ആലപിച്ച ഗാനം ഇതിനോടകം തന്നെ ആസ്വാദകഹൃദയങ്ങൾ കീഴടക്കിത്തുടങ്ങി.

ചിത്രത്തിലെ ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് സംവിധായകൻ ഹാജ മൊയ്‌തീൻ തന്നെയാണ്. എം  ജി ശ്രീകുമാർ ഈണമിട്ട ഗാനത്തിലെ വൈഷ്ണവിയുടെ ആലാപനമാണ് മുഖ്യ ആകർഷണം. അതേസമയം ‘ചാച്ചാജി’യിലെ ഈ ഗാനത്തിലൂടെ സിനിമ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് വൈഷ്ണവി പണിക്കർ.

ദേശീയ പുരസ്‍കാര ജേതാവ് സുരഭി ലക്ഷ്‌മി നായികയായി എത്തുന്ന ചിത്രമാണ് ‘ചാച്ചാജി’. മരുതുപുരം എന്ന ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ചാച്ചാജി’. ആ ഗ്രാമത്തിലെ ജനതകളെയും അവരെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന ചാച്ചാജിയുടെയും കഥയാണ് ചിത്രം പറയുന്നത്.

ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിം നിർമിക്കുന്ന ചിത്രത്തിൽ ബാലാജി ശർമ, ദിനേശ് പണിക്കർ, വി.കെ ബൈജു, ദീപക് രാജ് പുതുപ്പള്ളി, നൗഫ നജ്മ, മാളവിക എസ്. ഗോപൻ, ആഷിക് അശോകൻ എന്നിവർക്കൊപ്പം ബാലതാരം കൃഷ്ണശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.