ഫുട്ബോൾ വാങ്ങാൻ മീറ്റിംഗ് കൂടിയ കുട്ടികൾ ഇനി സിനിമയിൽ അഭിനയിക്കും !
ഫുട്ബോൾ വാങ്ങാൻ യോഗം ചേർന്ന കുട്ടികൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ താരം. മലപ്പുറം നിലമ്പൂരിലുള്ള കുറച്ച് കുട്ടികളാണ് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള യോഗം നടത്തിയത്. മടൽ കുത്തിവെച്ചുണ്ടാക്കിയ മൈക്കിലൂടെ ഒരു കുട്ടി സംസാരിക്കുന്നതും അതുകേട്ട് മറ്റു കുട്ടികൾ ഇരിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ആ കുട്ടികൾ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്.
നടി അഞ്ജലി നായരാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫുട്ബോൾ കേന്ദ്രീകരിച്ചുള്ള സിനിമ നിർമിക്കുന്നത് നടി അഞ്ജലി നായരാണ്. ചിത്രത്തിൽ ഫുട്ബോൾ കളിക്കാനായി തന്നെയാണ് ഇവരെ തിരഞ്ഞെടുത്തതെന്നും അഞ്ജലി പറഞ്ഞു.
ഒരു പത്തുവയസുകാരൻ തന്റെ അച്ഛനോട് പറയുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. മൈതാനം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അവ്നി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More: ഇനി വെബ് സീരിസ് കാലം; പ്രിയാമണിക്കും നീരജിനും പിന്നാലെ ആമസോൺ പ്രൈമിലേക്ക് ഹൻസികയും
വീഡിയോ വൈറലായതോടെ പലരും ഈ കുഞ്ഞുങ്ങളെ തേടി വന്നിരുന്നു. സ്പെയിനിൽ നിന്നുള്ള ഫുട്ബോൾ കോച്ച്, നടൻ ഉണ്ണിമുകുന്ദൻ തുടങ്ങിയവർ ഈ കുഞ്ഞുങ്ങൾക്ക് പന്തും ജേഴ്സികളും സമ്മാനിച്ചിരുന്നു. അതിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ കളികാണാൻ ഇവരെ കൊച്ചിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.