വേണമെങ്കില്‍ ചക്ക പറിച്ചെടുത്ത് കഴിക്കാനും ആനയ്ക്ക് അറിയാം: വൈറല്‍ വീഡിയോ

November 13, 2019

മനുഷ്യര്‍ക്കാണ് ബുദ്ധി കൂടുതലെന്ന് വാദിക്കുന്നവര്‍ നമുക്കിടയിലുണ്ട്. അങ്ങനെ തറപ്പിച്ചു പറയാന്‍ വരട്ടെ. ചില സാഹചര്യങ്ങളില്‍ മനുഷ്യരെ പോലും വെല്ലുന്ന പ്രായോഗിക ബുദ്ധി പുറത്തെടുക്കാറുണ്ട് മൃഗങ്ങള്‍. ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിലാണ് ആനകളും. അടുത്തിടെ വൈദ്യുതി വേലി മറികടക്കാന്‍ ഒരു കാട്ടാന നടത്തുന്ന തന്ത്രപരമായ നീക്കം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ബുദ്ധിമാനായ മറ്റൊരു ആനയുടെ വീഡിയോയാണ് സൈബര്‍ലോകത്ത് ശ്രദ്ധ ആകർഷിക്കുന്നത്.

പൊതുവെ ആനകള്‍ക്കെല്ലാം ചക്ക ഇഷ്ടമാണ്. പ്ലാവില്‍ കായ്ച്ചുകിടക്കുന്ന ചക്ക കണ്ട കാട്ടുകൊമ്പന്‍ അതിവിദഗ്ധമായി ചക്ക പറിച്ചെടുക്കുകയും തുടര്‍ന്ന് ആ ചക്ക കഴിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോ. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Read more:ബീച്ചില്‍ നിറയെ മഞ്ഞ് മുട്ടകള്‍; അത്ഭുത പ്രതിഭാസമെന്ന് സഞ്ചാരികള്‍: വീഡിയോ

കൂറ്റന്‍ പ്ലാവിന്റെ മുകളിലായി കായ്ച്ചുകിടക്കുന്ന ചക്ക ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് കാട്ടു കൊമ്പന്‍ പറിച്ചെടുത്തത്. പ്ലാവിന്റെ തടിയില്‍ മുന്‍കാലുകള്‍ ഉപയോഗിച്ച് പിടിക്കുകയും തുടര്‍ന്ന് തുമ്പിക്കൈ കൊണ്ട് ചക്ക പറിച്ചെടുക്കുകയുമാണ് ചെയ്തത്. നിലത്തേക്ക് പറിച്ചിട്ട ചക്ക ഉരുണ്ടു നീങ്ങിയെങ്കിലും ചക്കയെ വിടാതെ ചവിട്ടിപ്പിടിച്ച് ചക്കപ്പഴം കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ കാട്ടു കൊമ്പന്‍.