സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി താരസഹോദരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍

November 6, 2019

വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ ബാല്യകാല ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സൈബര്‍ലോകത്ത് ശ്രദ്ധ നേടുകയാണ് ഫഹദ് ഫാസിലിന്റെയും സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലിന്റെയും ബാല്യകാല ചിത്രങ്ങള്‍. മലയാളചലച്ചിത്രലോകത്ത് ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഫാസിലിന്റെ മക്കള്‍ എന്ന നിലയിലും ശ്രദ്ധേയരാണ് ഈ താരസഹോദരങ്ങള്‍.

ഫാസില്‍ സംവിധാനം നിര്‍വഹിച്ച കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചതാണ് ഫഹദ് ഫാസില്‍. ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ ഫഹദ് ഫാസില്‍ കഥാപാത്രങ്ങളെ മികച്ചതാക്കുന്നു. അതേസമയം ഫഹദ് ഫാസില്‍ നായകനായി ട്രാന്‍സ് എന്ന ചിത്രം ഒരുങ്ങുന്നുണ്ട്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ട്രാന്‍സ് എന്ന സിനിമയ്ക്കുണ്ട്.

Read more:ഹേ, കാട്ടുകൊമ്പാ നിന്റെ ബുദ്ധി അപാരംതന്നെ, വൈദ്യുത വേലിചാടിക്കടക്കാന്‍ ആനയുടെ തന്ത്രം: വൈറല്‍ വീഡിയോ

സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്രാന്‍സ്. നസ്രിയ നസീം, സൗബിന്‍ സാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ, അശ്വതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു.

അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ റഷീദും അമല്‍ നീരദും ഒരു ഫീച്ചര്‍ ഫിലിമിനുവേണ്ടി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ട്രാന്‍സ് എന്ന ചിത്രത്തിനുണ്ട്.

ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ്. 2014-ല്‍ രാജീവ് രവി സംവിധാനം നിര്‍വഹിച്ച ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന സിനിമയിലൂടെയായിരുന്നു ഫര്‍ഹാന്റെ ചലച്ചിത്രരംഗത്തേക്കുള്ള അരങ്ങേറ്റം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലും ഫര്‍ഹാന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.