ഇതാണ് ജോഷ്വായെ പൊട്ടിച്ചിരിപ്പിച്ച ആ സീൻ; ട്രാൻസ് ഷൂട്ടിങ് വീഡിയോ

March 19, 2020

പലരും പറയാൻ ഭയപ്പെട്ട വിഷയവുമായെത്തി തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ട്രാൻസ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായി എത്തിയ അൻവർ റഷീദ് ചിത്രം ‘ട്രാൻസ് നിരവധി വിമർശങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു രസകരമായ രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ വിജു പ്രസാദ് എന്ന മോട്ടിവേഷൻ സ്‌പീക്കറായും ജോഷ്വാ കാൾട്ടൻ എന്ന ഫെയ്ത്ത് ഹീലറായും ഫഹദ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദ് പൊട്ടിച്ചിരിക്കുന്ന ഒരു രംഗമാണ് പുറത്തുവന്നിരിക്കുന്നത്. ധർമ്മജൻ ബോൾഗാട്ടിയും സൗബിനും ഫഹദും ചേർന്നുള്ള രംഗത്തിന്റെ അവസാനമാണ് ഫഹദ് പൊട്ടിച്ചിരിക്കുന്നത്.

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  ഫഹദിന് പുറമെ നസ്രിയ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തൻ,ഗൗതം മേനോൻ തുടങ്ങി നിരവധി താരനിരകൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ചിത്രമാണ് ട്രാൻസ്.