ചിരിയും പ്രണയവും പിന്നെ ആക്ഷനും; ‘ഹാപ്പി സര്‍ദാര്‍’ ട്രെയ്‌ലര്‍

November 27, 2019

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതും. ‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിരിയും പ്രണയവും ആക്ഷനുമെല്ലാം ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്.

ക്‌നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അച്ചിച്ചാ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന്‍ ജോയ്, ശ്വേത കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ഈ മാസം 28 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സിദ്ദിഖ്, ജാവേദ് ജഫ്രി, ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാര്‍വതി, അഖില ചിപ്പി, സിതാര, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more:വെള്ളച്ചാട്ടമല്ല, അതിമനോഹരമായി ഒഴുകിയിറങ്ങുന്നത് മേഘക്കൂട്ടം: അത്ഭുതക്കാഴ്ച

ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ‘ഹേയ് ഹലോ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. നരേഷ് അയ്യരാണ് ആലാപനം. മികച്ച പ്രതികരണമാണ് ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റേതായി നേരത്തെ മറ്റ് ഗാനങ്ങളും പുറത്തെത്തിയിരുന്നു. ‘ഷാദി മേന്‍ ആനാ’ എന്ന് തുടങ്ങുന്ന ഗാനത്തിനും ‘ഞാനാകും പൂവില്‍…’ എന്നു ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. കുടുംബവും പ്രണയവുമൊക്കെ പശ്ചാത്തലമാക്കിയാണ് ഈ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.