പോരാളിയായി ഉണ്ണിമുകുന്ദൻ; ശ്രദ്ധനേടി ‘മാമാങ്ക’ത്തിലെ താരാട്ടുപാട്ട്

November 23, 2019

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വള്ളുവനാടിന്റെ ചരിത്രം പറയുന്ന ‘മാമാങ്കം’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും ട്രെയ്‌ലറുമെല്ലാം മികച്ച സ്വീകാര്യത നേടിയിരുന്നു. അതോടൊപ്പം അടുത്തിടെ പുറത്തുവന്ന മമ്മൂട്ടിയുടെ സ്ത്രീ രൂപത്തിലുള്ള പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മാമാങ്ക ചരിത്രത്തിൽ സ്ത്രീ വേഷത്തിൽ ചാവേറുകളായി എത്തുന്ന വീരന്മാരുടെ കഥകൾ ഉണ്ട്. എന്നാൽ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ആരെന്നത് ഇതുവരെ  വെളിപ്പെടുത്തിയിട്ടില്ല. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയെ ചരിത്ര നായകനായി കാണുന്നതിലുള്ള ആവേശത്തിലാണ് മലയാളികൾ.

ചിത്രത്തിലെ താരാട്ടുപാട്ട് പുറത്തുവിട്ടു. അജയ് ഗോപാലിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബോംബെ ജയശ്രീയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണെന്ന   സൂചനയാണ് ഗാനം നൽകുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളത്തില്‍ ഇതേവരെ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് മാമാങ്കം.

Read also: വേദിയിൽ പാട്ടിന് ചുവടുവെച്ച് അച്ചന്മാർ; ഇവർ വേറെ ലെവൽ എന്ന് സോഷ്യൽ മീഡിയ, വൈറൽ വീഡിയോ 

മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍, മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന ‘മാമാങ്ക’ത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, സുദേവ് നായര്‍, മണികണ്ഠന്‍, കവിയൂർ പൊന്നമ്മ,  പ്രാചി തെഹ്‌ലാൻ, മാസ്റ്റർ അച്യുതൻ തുടങ്ങി നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രം ഡിസംബർ 12 ന് റിലീസ് ചെയ്യും. 400- ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.