‘നിരുപമയെ സ്നേഹിച്ച നിങ്ങളിലേക്ക് ഇനി മാധുരിയായി എത്തുന്നു’- മഞ്ജു വാര്യർ

November 19, 2019

വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത മഞ്ജു വാര്യർ രണ്ടാം വരവിൽ അവതരിപ്പിച്ച കഥാപാത്രമായിരുന്നു നിരുപമ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമയിലൂടെയാണ് നിരുപമയായി മഞ്ജു വാര്യരുടെ തിരിച്ചു വരവ്. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ മഞ്ജുവിന്റെ ശക്തമായ കഥാപാത്രം തന്നെയായിരുന്നു നിരുപമ. പിന്നീട് ഒട്ടേറെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിൽ വേഷമിട്ട മഞ്ജു വീണ്ടും ‘പ്രതി പൂവൻ കോഴി’യിലൂടെ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ്.

ചിത്രീകരണം പൂർത്തിയായ സിനിമയുടെ വിശേഷങ്ങളുമായി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. അനുശ്രീ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരും അനുശ്രീയും സെയിൽസ് ഗേൾസായാണ് ചിത്രത്തിൽ വേഷമിടുന്നത്.

മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ടവരേ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൗ ഓൾഡ് ആർ യു’വിലെ നിരുപമയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് ഇന്നും എന്റെ ഊർജ്ജം. ഇനി ഞാൻ, റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രമായ ‘പ്രതി പൂവൻകോഴി’യിലെ മാധുരി ആവുകയാണ്. നവംബർ 20ന് ‘പ്രതി പൂവൻകോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും. ആദ്യ ഗാനം 21 നും. ‘പ്രതി പൂവൻകോഴി’ നിങ്ങൾക്കരികിലേക്ക് ഡിസംബർ 20 ന് എത്തും; ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി!

സ്നേഹത്തോടെ സ്വന്തം മഞ്ജു വാരിയർ…

Read More:‘പ്രതീക്ഷകള്‍ തകര്‍ന്നു പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്’- ‘ജൂതനി’ൽ റിമ കല്ലിങ്കലിന് പകരം മംമ്തയെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി ഭദ്രൻ

ഡിസംബർ 20-നാണു ചിത്രം തിയേറ്ററുകളിൽ എത്തുക. ആദ്യമായി മഞ്ജു വാര്യരും അനുശ്രീയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘പ്രതി പൂവൻ കോഴി’. ഉണ്ണി ആറിന്റെ നോവലിനെ ആസ്പദമാക്കിയ ചിത്രമാണ് ‘പ്രതി പൂവൻ കോഴി’.