വമ്പൻ റിലീസിനൊരുങ്ങി മരയ്ക്കാർ; ചരിത്രം കുറിയ്ക്കുമെന്ന് ആരാധകർ

November 4, 2019

മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശനത്തിനൊരുങ്ങുകയാണ്.  ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ഏറെ ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ വമ്പൻ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 റോളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞതായാണ് സൂചന. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19-ന് തിയറ്ററുകളിലെത്തും.

ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയാണ് ചിത്രം പറയുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി ജെ റോയിയും മൂൺ ഷോട്ട് എന്റർടൈൻമെന്റും ചേർന്നാണ് 100 കോടി മുതൽമുടക്കിൽ ഈ സിനിമ നിർമ്മിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രഖ്യാപനത്തോടെ മരയ്ക്കാരുടെ ടൈറ്റിൽ വിഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പറങ്കിപ്പടയോട് പടപൊരുതിയ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ത്രസിപ്പിക്കുന്ന ഡയലോഗുകളും ദൃശ്യ വിസ്മയങ്ങളുമാണ് ടൈറ്റിൽ വീഡിയോയുടെ പ്രധാന സവിഷേത. നേരെത്തെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാർ ചിത്രവുമായെത്തും എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് പല കാരണങ്ങളാൽ ആ ചിത്രം ഉപേക്ഷിച്ചുവെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കുഞ്ഞാലി മറയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മരയ്ക്കാരുടെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുമെന്നും സൂചനയുണ്ട്.