മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു- ‘മരട് 357’ സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളം
ഏറെ ചർച്ചയായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു. ‘മരട് 357’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കണ്ണൻ താമരക്കുളമാണ്. മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തിയാണ് സിനിമ ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.
‘പട്ടാഭിരാമ’ന് ശേഷം ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് മരട് 357 . ‘പട്ടാഭിരാമന്’ വേണ്ടിയാണ് ദിനേശ് പള്ളത്തും കണ്ണൻ താമരക്കുളവും എബ്രഹാം മാത്യുവും നേരത്തെ ഒന്നിച്ചത്. ‘പട്ടാഭിരാമനും’ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തത്.
കേരളത്തിൽ ഒട്ടേറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയായ സംഭവമായിരുന്നു മരട് ഫ്ലാറ്റ് കേസ്. സിനിമ താരങ്ങൾ അടങ്ങുന്ന ഫ്ലാറ്റുടമകൾ നടത്തിയ സമരവും അനധികൃത നിർമാണവുമൊക്കെ സിനിമയിൽ ചർച്ച ചെയ്യുമെന്നാണ് കണ്ണൻ താമരക്കുളം പറയുന്നത്.
Read More:‘തമിഴ്നാട്ടിലെ ജനങ്ങളുടെ നല്ലതിനായി വേണ്ടിവന്നാൽ ഞങ്ങൾ ഒന്നിക്കും’-രജനികാന്ത്
ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് കണ്ണൻ താമരക്കുളം ‘മരട് 357’ലൂടെ പറയുന്നത്. മരട് ഫ്ലാറ്റിനു എങ്ങനെ നിർമാണാവകാശം ലഭിച്ചുവെന്നും ഒന്നുമറിയാതെ എല്ലാം നഷ്ടമായ ഫ്ലാറ്റ് ഉടമകളുടെ ജീവിതവും ആ ചതിയുടെ കഥയും ‘മരട് 357’ ലൂടെ വ്യക്തമാക്കുന്നതെന്നും കണ്ണൻ താമരക്കുളം പറയുന്നു.