സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി

December 24, 2020

സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു വിവാഹം. പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. കൊവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

2015ല്‍ പ്രദര്‍ശനത്തിനെത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രമാണ് കണ്ണൻ താമരക്കുളം ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ജയറാം, റിമി ടോമി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദിനേഷ് പള്ളത്തായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

2016ല്‍ ആടുപുലിയാട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു. അറുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപെടുന്ന മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ജയറാം, രമ്യ കൃഷ്ണന്‍, ഓം പുരി, സമ്പത്ത് രാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2017ല്‍ ജയറാം, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇമ്പ്രാഹിം, സഞ്ജു ശിവറാം, പ്രകാശ് രാജ് എന്നിവരെ പ്രധാന അഭിനേതാക്കളാക്കി അച്ചായന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. ഡി എന്‍ വി പി ക്രിയേഷന്‍സിന്റെ ബാനറില്‍ സി കെ പത്മകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.

2018ല്‍ ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചാണക്യതന്ത്രം എന്ന ചിത്രം സംവിധാനം ചെയ്തു. മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴില്‍ സുരയാടല്‍ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത പട്ടാഭിരാമനാണ് തിയേറ്ററിലെത്തിയത്. മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയവുമായി ബന്ധപ്പെട്ട ചിത്രവും അണിയറയിൽ ഒരുങ്ങുന്നു.

Story highlights- kannan thamarakkulam get married