ഇതാണ് ‘ചൊവ്വ’; അപൂര്‍വ്വ ചിത്രങ്ങൾ പുറത്തുവിട്ട് ക്യൂരിയോസിറ്റി

November 8, 2019

ഭൂമിയിലേതുപോലെ ചൊവ്വയിലെ വിശേഷങ്ങൾ അറിയാനും മനുഷ്യന് കൗതുകമുണ്ട്. വരുന്ന പത്ത് വർഷങ്ങൾക്കിപ്പുറം ചൊവ്വയിൽ മനുഷ്യൻ കാലുകുത്തുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചൊവ്വയില്‍ നിന്നുള്ള ഓരോ വിശേഷങ്ങളും അറിയാനുള്ള ആവേശം മനുഷ്യരിൽ വളരെയധികമാണ്.

ക്യൂരിയോസിറ്റി പങ്കുവെച്ച ചൊവ്വയുടെ ചില അപൂര്‍വ്വ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്. ചൊവ്വ ഗ്രഹത്തിന്റെ ഭംഗിയും വിശാലതയും കാണിക്കുന്നുണ്ട് ഈ ചിത്രങ്ങള്‍. ഗാലെ സെന്ററിലെ ഒരു പർവ്വതത്തിന്‍റെ  ചരിവിലാണിപ്പോൾ ക്യൂരിയോസിറ്റിയുള്ളത്. ഇവിടെ നിന്നുള്ള മനോഹര ദൃശ്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ മൂന്നിന് ക്യൂരിയോസിറ്റി പകർത്തിയ ചിത്രങ്ങളാണ് ഇവ.

2012 ഓഗസ്റ്റ് മുതൽ ചൊവ്വയിലെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുയാണ് ക്യൂരിയോസിറ്റി. ഇപ്പോൾ ചിത്രങ്ങൾ പകർത്തിയ ഭാഗങ്ങളിൽ നേരത്തെ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു കണ്ടെത്താനുള്ള ശ്രമവും ക്യൂരിയോസിറ്റി നടത്തുന്നുണ്ട്. പഠനങ്ങൾ പൂർത്തിയായാൽ ചൊവ്വ മനുഷ്യന് യാത്രപോകാൻ പാകത്തിലുള്ള ഒരു സ്ഥലമായി മാറുമെന്നും അവിടെ ജനവാസം സാധ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് ശാസ്ത്രലോകം.