‘റോബോട്ട് അപ്പോൾ ക്രിസ്ത്യാനി ആണല്ലേ..’; കൗതുകമുണർത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഒരു രംഗമിതാ, വീഡിയോ

November 18, 2019

ടെക്‌നോളജിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു വീട്ടിലേക്ക് ഒരു റോബോട്ട് എത്തിപ്പെട്ടാൽ എന്ത് സംഭവിക്കും… ഇത് വ്യക്തമാക്കുകയാണ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന  ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൗബിൻ സാഹിറും, സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മനോഹരമായൊരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഭാസ്കര പൊതുവാളിന്റെ വീട്ടിലെ റോബോട്ടിനെ കാണാൻ നാട്ടുകാരന്‍ എത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. സൈജു കുറുപ്പും സൂരാജ് വെഞ്ഞാറമൂടുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്.

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച സൗബിൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. വികൃതി എന്ന ചിത്രത്തിന് ശേഷം സുരാജും സൗബിനും ഒരുമിച്ചെത്തുന്ന ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. നവാഗത സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം മൂൺഷോർട്ട് എന്‍റര്‍ടെയ്ന്‍മെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമിക്കുന്നത്.

അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൈജു ശ്രീധരനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read also: മക്കൾക്കൊപ്പം ഡാൻസ് ചെയ്ത് മാതാപിതാക്കളും; ചിരിയുണർത്തി ഒരു വീഡിയോ

സൗബിനും സുരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതിയും   മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളും താരങ്ങളുടേതായി ഒരുങ്ങികൊണ്ടിരിക്കുകയാണ്.