അങ്ങനെ ഒടുവില്‍ ശുദ്ധവായുവും വില്പനയ്ക്ക്; ഡല്‍ഹിയില്‍ ഓക്സിജന്‍ ബാര്‍: വീഡിയോ
തലവാചകം വായിച്ച് ആശയക്കുഴപ്പത്തിലാകുകയോ നെറ്റി ചുളിക്കുകയോ വേണ്ട. സംഗതി സത്യം തന്നെയാണ്. ഒടുവില്‍ ശുദ്ധ വായുവും വില്പനയ്ക്കെത്തിയിരിക്കുന്നു. അത്ര വിദൂരത്തൊന്നുമല്ല ശുദ്ധവായു വില്പനയ്ക്കെത്തിയിരിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ തന്നെ. ഓക്സി പ്യുവര്‍ എന്നാണ് ഈ ഓക്സിജന്‍ ബാറിന്റെ പേര്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഓക്സി പ്യുവര്‍ സാകേത് സെലക്ട് സിറ്റി മാളില്‍ തുറന്നത്. ഇതുവരെ സൗജന്യമായിരുന്നെങ്കിലും ഇനി മുതല്‍ ഓക്സി പ്യുവറിലെ ശുദ്ധ വായുവിന് പണം നല്‍കണം.
പതിനഞ്ച് മിനിറ്റിന് 299 രൂപയാണ് വില. സുഗന്ധം നിറഞ്ഞ ഓക്സിജനും ലഭ്യമാകും. പക്ഷെ ഇതിന് വില കുറച്ച് അധികമാണ്. പതിനഞ്ച് മിനിറ്റിന് 499 രൂപ. ലെമണ്‍ഗ്രാസ്, ഓറഞ്ച്, കറുവപ്പട്ട, പെപ്പര്‍മിന്റ്, ലാവന്‍ഡര്‍ തുടങ്ങി വിവിധ സുഗന്ധത്തിലുള്ള ഓക്സിജനുണ്ട്. ഒരു സുഗന്ധത്തില്‍ ഓക്സിജന്‍ ശ്വസിച്ചുകൊണ്ടിരിക്കുമ്പോള് തന്നെ ആവശ്യമെങ്കില്‍ മറ്റ് സുഗന്ധത്തിലേക്ക് മാറ്റുകയും ചെയ്യാം.
Read more:ആരും പറഞ്ഞുപോകും ‘സോ ക്യൂട്ടെന്ന്’; മകനൊപ്പം വിനയ് ഫോര്‍ട്ടിന്റെ ഡബ്സ്മാഷ്: വീഡിയോ
ആര്യവീര്‍ കുമാറും സുഹൃത്തായ മാര്‍ഗരീറ്റ കുറിസ്റ്റിനയുമാണ് ഈ സംരംഭത്തിന് പിന്നില്‍. യുഎസിലെ ലാസ് വെഗാസിലെ വെനീഷ്യന്‍ റിസോര്‍ട്ടില്‍ ഓക്സിജന്‍ ബാര്‍ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരംഭത്തിന് ഡല്‍ഹിയില്‍ ഇവര്‍ തുടക്കമിട്ടത്. അതേസമയം വായുവില്‍ നിന്നും വേര്‍തിരിച്ച ശേഷം ശുദ്ധീകരിച്ച ഓക്സിജനാണ് ഈ ബാറിലുള്ളത്. ഈ ഓക്സിജന്‍ 90 ശതമാനവും ശുദ്ധമാണെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം.
അതേസമയം ശ്വാസകോശരോഗമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ ഈ ഓക്സിജന്‍ ഉപയോഗിക്കാന്‍ അവസരം നല്‍കുകയുള്ളൂ. നിലവില്‍ ദിവസേന ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് പേര് വരെ ശുദ്ധവായു തേടിയെത്തുന്നുണ്ടെന്നാണ് ഓക്സിജന്‍ ബാറിന്റെ ചുമതല വഹിക്കുന്നവര്‍ പറയുന്നത്. അതേസമയം അടുത്ത മാസം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ത്രീയിലും ഓക്സിജന്‍ ബാര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഓക്സി പ്യുവര്‍.