വർഷങ്ങൾക്ക് ശേഷം മകനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിൽ ഒരമ്മ; മനോഹര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് വിമാനത്താവളം, ഹൃദ്യം ഈ വീഡിയോ

November 12, 2019

ജീവിതത്തിലെ ഏറ്റവും നിഷ്കളങ്കവും തീവ്രവുമായ ബന്ധമാണ് അമ്മയും മക്കളും തമ്മിലുള്ളത്. മറ്റൊന്നിനും  പകരം വയ്ക്കാൻ കഴിയില്ല ഈ ബന്ധത്തിന്. ഇപ്പോഴിതാ ലോകത്തിന്റെ മുഴുവൻ കണ്ണുനനയ്ക്കുകയാണ് കാനഡ വിമാനത്താവളത്തിൽ എത്തിയ ഒരു അമ്മയും മകനും.  വർഷങ്ങൾക്ക്  ശേഷം മകനെ കണ്ടുമുട്ടുമ്പോഴുള്ള അമ്മയുടെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

വിമാനത്താവളത്തിൽ അക്ഷമയായി കാത്തിരിക്കുന്ന ഒരു അമ്മയുടെ അടുത്തേക്ക് വരുന്ന മകനും ഇരുവരുടെയും സ്നേഹപ്രകടനങ്ങളുമാണ് അവിടെ കൂടിനിന്നവരുടെ മുഴുവൻ കണ്ണ് നിറയ്ക്കുന്നത്. മകനെ കാണുന്ന അമ്മ ചാടി എഴുന്നേൽക്കുന്നതും പിന്നീട് കെട്ടിപിടിച്ച് ഇരുവരും പൊട്ടിക്കരയുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. ഇത് കണ്ടുനിന്നവരാകട്ടെ നിറകണ്ണുകളോടെ ഈ അമ്മയുടെയും മകന്‍റെയും സ്നേഹത്തിന് നിറഞ്ഞ കൈയടി നൽകുന്നതും വീഡിയോയിൽ ദൃശ്യമാണ്. അതേസമയം രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും ഈ സ്നേഹ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

സിറിയയിൽ നിന്നുള്ള അഭയാര്‍ത്ഥികളാണ് ഈ അമ്മയും മകനും. അഭയാർത്ഥി പ്രശ്നം അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അഭയാർത്ഥിയായി കാനഡയിൽ പ്രവേശിക്കുന്നതിനുള്ള അവസരം ഇപ്പോഴാണ് ഈ മകന് ലഭിച്ചത്. മൂന്ന് വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തിന് കാനഡയിൽ പ്രവേശിക്കാൻ സാധിച്ചത്. അതേസമയം ഇനി ഒരിക്കലും മകനെ കാണാൻ സാധിക്കില്ല എന്ന് കരുതിയിരുന്ന അമ്മയ്ക്കാണ് ഇപ്പോൾ മകനെ തിരികെ കിട്ടിയിരിക്കുന്നത്.