‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..

November 25, 2019

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിനിമയുടെ പേര് സൂചിപ്പിക്കും പോലെ ഒട്ടേറെ കടൽ രംഗങ്ങളുണ്ട്. കാരണം രാജാവിന്റെ നാവികപ്പടയുടെ നായകനാണല്ലോ മരയ്ക്കാർ. ചിത്രം ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് പൂർണമായും ചിത്രീകരിച്ചത്. ചിത്രീകരണ വാർത്തകൾ പുറത്ത് വന്നപ്പോൾ ആരാധകർ ആശങ്കപ്പെട്ടതും എങ്ങനെ കടൽ രംഗങ്ങൾ ചിത്രീകരിച്ചു എന്നതാണ്.

ഇപ്പോൾ ആ രംഗങ്ങൾ ചിത്രീകരിച്ച രഹസ്യം പങ്കു വയ്ക്കുകയാണ് കലാസംവിധായകൻ സാബു സിറിൾ. കടൽ രംഗങ്ങൾക്കായി വലിയ ടാങ്കിൽ സെറ്റിടുകയായിരുന്നു. മറ്റു ബിഗ് ബജറ്റ് ചിത്രങ്ങളെ പോലെയല്ല ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’മെന്നു സാബു സിറിൾ പറയുന്നു.

ബജറ്റിന്റെ പരിമിതി കാരണം കടൽ രംഗങ്ങളും വലിയ തിരമാലയുമൊക്കെ റാമോജിറാവു ഫിലിം സിറ്റിയിൽ ഒരുക്കിയ കൃത്രിമ കടലിലിലാണ് ചിത്രീകരിച്ചത്. സാങ്കേതിക വിദ്യയുടെ സഹായം ഒട്ടേറെ ഉണ്ടെങ്കിലും ഇത്തരം പരീക്ഷണങ്ങളും ഫലപ്രദമായി എന്ന് സാബു സിറിൾ പറയുന്നു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് സാബു സിറിൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2020 മാർച്ച് 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 റോളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞതായാണ് സൂചന.

Read More:മകൾ വരച്ച ചിത്രം പങ്കുവെച്ച് അഭിമാനത്തോടെ ഗിന്നസ് പക്രു

ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി ജെ റോയിയും മൂൺ ഷോട്ട് എന്റർടൈൻമെന്റും ചേർന്നാണ് 100 കോടി മുതൽമുടക്കിൽ ഈ സിനിമ നിർമ്മിക്കുന്നത്.