ആലാപനത്തിനൊപ്പം സംഗീത സംവിധാനവും; സിദ് ശ്രീറാമിന്റെ പുതിയ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

November 21, 2019

ചില ശബ്ദങ്ങൾ അങ്ങനെയാണ് എത്രകേട്ടാലും മതിവരില്ല.. അത്തരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ഗായകനാണ് സിദ് ശ്രീറാം. ഇപ്പോഴിതാ ആലാപനത്തിനും ഗാനരചനയ്ക്കും പുറമെ സംഗീത സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ശ്രീറാം.

‘വാണം കൊട്ടട്ടും’ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം പുതിയ ഗാനം തയാറാക്കിയിരിക്കുന്നത്. ധന സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മണിരത്നം ആണ്. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സിദ് ശ്രീറാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

അതേസമയം ഗോവിന്ദ് വസന്ത സംവിധാനം ചെയ്യാനിരുന്ന ഗാനത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് സിദ് ശ്രീറാം എത്തിയത്. എന്നാൽ വളരെ മനോഹരമായി അദ്ദേഹം അത് ചെയ്തെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.

ഇതര ഭാഷകളിലൂടെ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ജന്മംകൊടുത്ത ഗായകനാണ് സിദ് ശ്രീറാം. 2013 ൽ പുറത്തിറങ്ങിയ ‘കടൽ’ എന്ന ചിത്രത്തിലെ ‘അടിയേ..’ എന്ന ഗാനത്തിലൂടെയാണ് സിദ്  ശ്രീറാം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചത്. ‘ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘പറയുവാനിതാദ്യമായ്’ എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി രംഗത്തേക്കും ചുവടുവെച്ചു. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിനും ലഭിച്ചത്.