‘മൂന്നു മാസങ്ങൾക്കുള്ളിൽ എല്ലാത്തിനും ഒരു തീരുമാനമുണ്ടാകും’- ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ച് ഗാംഗുലി
ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ധോണി വീണ്ടും സജീവമാകുമോ അതോ വിരമിക്കുമോ എന്നതാണ്. ജനുവരി വരെ വിരമിക്കലിനെ കുറിച്ച് ചോദിക്കരുത് എന്ന് ധോണി പറഞ്ഞെങ്കിലും കാര്യങ്ങൾക്ക് വ്യക്തത ഇല്ലാതെ തുടരുകയാണ്. ഇപ്പോൾ ഈ വിഷയത്തിൽ ഗാംഗുലിയുടെ പ്രതികരണവും എത്തി. ധോണിയുടെ വിരമിക്കലിനെ കുറിച്ച് ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും മൂന്നു മാസത്തിനുള്ളിൽ എല്ലാം തീരുമാനമാകും എന്നും ഗാംഗുലി പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ കോച്ച് രവിശാസ്ത്രി, 2020 ൽ ധോണിയുടെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന് അറിയിച്ചത്. അതിനു പിന്നാലെയാണ് ഗാംഗുലിയുടെ വാക്കുകളും. ‘ധോണിയുടെ ക്രിക്കറ്റ് ഭാവിയിൽ ഇന്ത്യൻ ടീമിന് വ്യക്തതയുണ്ട്. ചില കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കില്ല. സമയമാകുമ്പോൾ നിങ്ങൾ എല്ലാം കൃത്യമായി അറിയും. ചില കാര്യങ്ങൾ വളരെ രഹസ്യമായി വേണം ചർച്ച ചെയ്യാൻ. സമയമാകുമ്പോൾ എല്ലാം വ്യക്തമാകും. ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാണ് എം എസ് ധോണി’.
ഒരു ചടങ്ങിൽ സംസാരിക്കവെയാണ് വിരമിക്കൽ ചോദ്യത്തിനോട് ധോണി പ്രതികരിച്ചതും. ഐ പി എൽ മത്സരങ്ങൾക്ക് ശേഷമേ ധോണി വിരമിക്കലിനെ കുറിച്ച് ആലോചിക്കൂ എന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ഉണ്ടായിരുന്നു.
Read More:‘ബിഗ് ബ്രദറാ’യി മോഹൻലാൽ ജനുവരിയിലെത്തും- മോഷൻ പോസ്റ്റർ
ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല ധോണി. ഇതിന് ശേഷം സൈനീക പരിശീലനത്തിലുമായിരുന്നു ഇദ്ദേഹം. പിന്നീട് മറ്റ് ഇന്ത്യൻ പരമ്പരകളിൽ ധോണി ഇടം നേടിയതുമില്ല.