കാറിന് പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം; ഭയന്ന് യാത്രക്കാർ, വീഡിയോ

November 13, 2019

മനുഷ്യർക്കൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടംനേടാറുണ്ട് പക്ഷികളുടെയും മൃഗങ്ങളുടേയുമൊക്കെ അപൂർവ ചിത്രങ്ങളും വീഡിയോകളുമൊക്കെ. മനുഷ്യൻ കാടുകയറിത്തുടങ്ങിയപ്പോൾ വന്യമൃഗങ്ങൾ അവരുടെ സന്ദർശനം നാട്ടിലേക്കും വ്യാപിപ്പിച്ചു. വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു കാണ്ടാമൃഗത്തിന്റെ വീഡിയോയാണ്  ഇപ്പോൾ വൈറലാകുന്നത്. അസ്സാമിലെ ദേശീയ പാതയിലാണ് സംഭവം. തിരക്കുള്ള റോഡിലേക്ക് എത്തിയ കാണ്ടാമൃഗം ഒരു കാറിന് പിന്നാലെ പായുന്നതാണ് വീഡിയോയിൽ കാണുന്നത്.

അതേസമയം കാറിന് പിന്നാലെ പായുന്ന കാണ്ടാമൃഗത്തിൽ നിന്നും അത്ഭുതകരമായി യാത്രക്കാർ രക്ഷപ്പെടുന്നതും വീഡീയയിൽ കാണാം. ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. കാണ്ടാമൃഗത്തിന്റെ വരവിൽ പന്തികേട് തോന്നിയ ഡ്രൈവർ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു. ഈ വീഡിയോ ഇതിനോടകം നിരവധിപ്പേരാണ് കണ്ടത്. കൃത്യസമയത്ത് ബുദ്ധിപരമായ ഇടപെടൽ നടത്തിയ ഡ്രൈവറിനെ  അഭിനന്ദിച്ച് നിരവധി ആളുകളും രംഗത്തെത്തി.