‘ഡിപ്പാര്‍ട്ട്‌മെന്റില് പുള്ളിയേ വിളിക്കുന്നത് പൂവന്‍ കോഴീന്നാണ്’; ചിരി നിറച്ച് ‘വാര്‍ത്തകള്‍ ഇതുവരെ’ ട്രെയ്‌ലര്‍

November 22, 2019

സിജു വില്‍സണ്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. നവാഗതനായ മനോജ് നായര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. ഒരു പോലീസ് സ്‌റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ.

എല്‍ദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പിഎസ്ജി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന സിനിമയുടെ നിര്‍മാണം. അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ ‘അമ്മാനത്താമലയില്‍…’ എന്നു തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തെത്തിയിരുന്നു. ഗാനത്തില്‍ ഗ്രാമത്തിന്റെ മനോഹരമായ ചാരുത നിഴലിക്കുന്നുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ജി വേണുഗോപാലിന്റെ ആര്‍ദ്രമായ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

ചിത്രത്തിന്റേതായി അടുത്തിടെ ‘സ്വപ്‌നം തേടാം..’ എന്നു തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനവും പുറത്തെത്തിയിരുന്നു. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്ന ഈ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.