വിജയ് സേതുപതി ബോളിവുഡിലേക്ക്- അരങ്ങേറ്റം അമീർഖാനൊപ്പം ‘ലാൽ സിംഗ് ഛദ്ദ’യിൽ

November 27, 2019

തമിഴകത്തിന്റെ പ്രിയ നായകൻ വിജയ് സേതുപതി ബോളിവുഡിലേക്ക് ചുവടു വയ്ക്കുന്നു. അമീർ ഖാനൊപ്പമാണ് അരങ്ങേറ്റം. ‘ലാൽ സിംഗ് ഛദ്ദ’യിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ‘ലാൽ സിംഗ് ഛദ്ദ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. അതിനു പിന്നാലെ ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിൾ പരിപാടിയിലാണ് ഹിന്ദിയിലേക്ക് അരങ്ങേറുന്നതായി വിജയ് സേതുപതി അറിയിച്ചത്.

തുടക്കത്തിൽ ഒട്ടേറെ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ കയറിപ്പറ്റാൻ ശ്രമിച്ച വിജയ് സേതുപതി, ഒടുവിൽ മുൻനിര നായക നിരയിലേക്ക് അഭിനയ പാടവം കൊണ്ടും സ്വഭാവത്തിലെ എളിമ കൊണ്ടും എത്തുകയായിരുന്നു. ആരാധകരോട് എന്നും അടുപ്പം കാത്ത് സൂക്ഷിക്കുന്ന വിജയ് സേതുപതി ‘മക്കൾ സെൽവൻ’ എന്നാണ് അറിയപ്പെടുന്നതും.

ഹിന്ദി പഠിക്കാനാണ് പ്രശ്നം എന്ന് വിജയ് സേതുപതി റൗണ്ട് ടേബിളിൽ പറഞ്ഞപ്പോൾ ബോളിവുഡ് താരം മനോജ് ബാജ്‌പേയ് ആണ് ഹിന്ദിയിൽ വിജയ് സേതുപതി അഭിനയിക്കുവാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചത്. ഭാഷയാണ് പ്രധാന പ്രശ്നമെന്ന് പറയുന്നുണ്ടെങ്കിലും ആറുമാസം സൗദി അറേബ്യയിൽ ചിലവഴിച്ചാൽ താനേ ഹിന്ദി പഠിക്കുമെന്നും വിജയ് സേതുപതി കൂട്ടിച്ചേർക്കുന്നു.

Read More:സംയുക്തയ്ക്ക് നാൽപതാം പിറന്നാൾ; പ്രിയതമയുടെ പിറന്നാൾ ചിത്രവുമായി ബിജു മേനോൻ

വിജയ് സേതുപതിക്കൊപ്പം പാർവതി തിരുവോത്ത്, ദീപിക പദുകോൺ, രൺവീർ സിംഗ്, വിജയ് ദേവരകൊണ്ട, മനോജ് ബാജ്പേയ്, ആയുഷ്മാൻ ഖുറാന, അലിയ ഭട്ട് തുടങ്ങിയവരും റൗണ്ട് ടേബിൾ സംവാദത്തിൽ പങ്കെടുത്തു.