‘ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകൾ’- വിനീത് ശ്രീനിവാസൻ
അഭിനേതാവായും സംവിധായകനായും ഗായകനായുമൊക്കെ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ ചലച്ചിത്ര നിർമാണരംഗത്തും സജീവ സാന്നിധ്യമാണ് വിനീത്. അഭിയത്തിൽനിന്നും ചെറിയൊരു ഇടവേള എടുത്ത താരം ‘അരവിന്ദന്റെ അതിഥി’കളിലൂടെ നായകനായി തിരികെയെത്തി, പിന്നീട് ഹാട്രിക് വിജയം നേടുകയായിരുന്നു. വിനീതിന്റേതായി പുറത്തിറങ്ങിയ ‘തണ്ണീർമത്തൻ ദിന’ങ്ങളും ‘മനോഹര’വും സൂപ്പർഹിറ്റായി. അതിനു പിന്നാലെ മറ്റൊരു വലിയ വിജയം ‘ഹെലനി’ലൂടെ നേടുകയാണ് വിനീത് ശ്രീനിവാസൻ.
പണമൊക്കെ വെറും കടലാസ്സ് തുണ്ടുകളായി മാറുന്ന അവസ്ഥയാണ് ‘ഹെലൻ’ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിനൊപ്പം നിർമാതാവ് വിനീത് ശ്രീനിവാസനും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്. ചിത്രം ഹിറ്റായി മുന്നേറുമ്പോൾ തന്റെ ജീവിതത്തിൽ ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകളെ പരിചയപ്പെടുത്തുകയാണ് വിനീത് ശ്രീനിവാസൻ.
രോഹിണി പ്രണാബും ഹെലൻ പോളും. ‘തിര’ എന്ന ചിത്രത്തിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേരാണ് രോഹിണി പ്രണാബ്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസന്റെ അരങ്ങേറ്റവും.
2013 ൽ ഇറങ്ങിയ ‘തിര’ എന്ന സിനിമയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ശോഭനയുടെ കഥാപാത്രമായ ഡോക്ടർ രോഹിണി പ്രണാബ് ആയിരുന്നു. വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും ഈ ശക്തമായ സ്ത്രീ കഥാപാത്രം നേടി. അത് വിനീത് ശ്രീനിവാസന്റെ കരിയറിലെ ഒരു പൊൻതൂവലുമായി മാറി .
അതേ അംഗീകാരവും സ്നേഹവും അഭിനന്ദനവുമൊക്കെ മറ്റൊരു സ്ത്രീയിലൂടെ വീണ്ടും വിനീതിനെ തേടിയെത്തിയിരിക്കുകയാണ്. ‘ഹെലനി’ലൂടെ. ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ അന്ന ബെന്നിന്റെ ശക്തമായ ഒരു കഥാപാത്രമാണ് ‘ഹെലനി’ലൂടെ കാണാൻ സാധിക്കുക. രണ്ടു ചിത്രങ്ങളും തന്റെ ജീവിതത്തിൽ ഏറെ അംഗീകാരം നേടി തന്നതായാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിനീത് പറയുന്നത്.