തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി ‘ബിഗ് ബ്രദര്‍’ ട്രെയ്‌ലര്‍

December 21, 2019

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ദിഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ‘ബിഗ് ബ്രദര്‍’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിദ്ധിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവരാണ്.

അതേസമയം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുകയാണ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സുവര്‍ണാവസരം’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെ അര്‍ബാസ് ഖാന്‍ വിശേഷിപ്പിക്കുന്നത്. അര്‍ബാസ് ഖാന്റെ മലയാള ചലച്ചിത്രരംഗത്തേയ്ക്കുള്ള അരങ്ങേറ്റത്തെ ആശംസകളോടെയാണ് മോഹന്‍ലാലും വരവേറ്റത്.

Read more: ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ജിങ്കിള്‍ ബെല്‍സ്; മനോഹരം ഈ വീഡിയോ

മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ്‌ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. തിയേറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.