മുഖഭാവങ്ങളില്‍ വിസ്മയിപ്പിച്ച് അനു സിത്താര; ശ്രദ്ധേയമായി നൃത്തവീഡിയോ
വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് മലയാളികളുടെ പ്രിയതാരം അനു സിത്താര. ഇപ്പോഴിതാ ഫേസ്ബുക്കില്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖഭാവങ്ങളില്‍ വിസ്മയംതീര്ത്ത് നൃത്തം ചെയ്യുകയാണ് അനു സിത്താര. ‘പൂവേ സെംപൂവേ നിന് വാസം വരും…’ എന്ന തമിഴ് ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത്.
കൈയിലൊരു ചെത്തിപ്പൂവും പിടിച്ചുകൊണ്ട് പാട്ടിനനുസരിച്ച് അനു സിത്താര ചുവടുകള്‍ വയ്ക്കുന്നു. താരത്തിന്റെ ചുവടുകളും മുഖഭാവങ്ങളും ഏറെ മനോഹരം എന്നാണ് ആരാധകരില്‍ അധികവും നല്കുന്ന കമന്റ്. 1988-ല്‍ തിയേറ്ററുകളിലെത്തിയ ‘സൊല്ല തുടിക്കുതു മനസ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബി ലെനിനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്. സിനിമയില്‍ ഇളയരാജ ഈണം പകര്‍ന്ന ഗാനം യേശുദാസും സുനന്ദയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
അതേസമയം ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ‘മാമാങ്കം’ എന്ന ചിത്രത്തിലും അനു സിത്താര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഉണ്ണി മുകുന്ദന്, പ്രാചി തെഹ്ലാന്, മാസ്റ്റര്‍ അച്യുതന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.