ആര്‍ദ്രമായി ഹൃദയത്തിലേക്ക്; ശ്രദ്ധ നേടി ബിഗ് ബ്രദറിലെ ഗാനം

December 27, 2019

ചില പാട്ടുകള്‍ അങ്ങനെയാണ്. അവയങ്ങനെ ഹൃദയത്തിലേയ്ക്ക് പെയ്തിറങ്ങും. അത്തരത്തില്‍ മനോഹരമായൊരു ഗാനം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നു. ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ദിഖ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ‘കണ്ടോ കണ്ടോ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ദീപക് ദേവിന്റെ ആര്‍ദ്രമായ സംഗീതമാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍’ എന്ന ചിത്ത്രതിനു ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ബിഗ് ബ്രദര്‍’ എന്ന സിനിമയ്ക്കുണ്ട്. എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷ്ണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സിദ്ധിഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവരാണ്.

അതേസമയം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുകയാണ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെ. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന സുവര്‍ണാവസരം’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെ അര്‍ബാസ് ഖാന്‍ വിശേഷിപ്പിക്കുന്നത്. അര്‍ബാസ് ഖാന്റെ മലയാള ചലച്ചിത്രരംഗത്തേയ്ക്കുള്ള അരങ്ങേറ്റത്തെ ആശംസകളോടെയാണ് മോഹന്‍ലാലും വരവേറ്റത്.

മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മൂന്നമത്തെ ചിത്രം എന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ ‘വിയറ്റ്‌നാം കോളനി’ ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം. തിയേറ്ററുകളില്‍ ഈ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.