ക്രിസ്മസിന് മാറ്റ് കൂട്ടാൻ 5 ചിത്രങ്ങൾ

December 19, 2019

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി നാടൊരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്കൊപ്പം സിനിമ റിലീസുകളും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ ക്രിസ്മസ് ഗംഭീരമാകാൻ പ്രതീക്ഷയുണർത്തുന്ന ഒട്ടേറെ ചിത്രങ്ങൾ എത്തുന്നുണ്ട്.

അഞ്ചോളം ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ദിലീപ്, പൃഥ്വിരാജ്, മഞ്ജു വാര്യർ, ജയസൂര്യ, ഷെയിൻ നിഗം തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇപ്പോൾ ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്നത്.

‘മൈ സാന്റാ’ എന്ന ചിത്രവുമായാണ് ദിലീപ് എത്തുന്നത്. പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടാണ് ‘മൈ സാന്റാ’ എത്തുന്നത്. ഡിസംബർ 24 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. സുഗീത് ചിത്രത്തിൽ മാനസി എന്ന ബാലതാരവുമുണ്ട്. സാന്താക്ളോസും ഏഴുവയസുകാരിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘മൈ സാന്റാ’ പങ്ക് വയ്ക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ‘ഡ്രൈവിംഗ് ലൈസൻസ്’ ആണ് മറ്റൊരു ക്രിസ്മസ് റീലീസ്. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒരു സൂപ്പർ താരത്തിന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ജീൻ പോൾ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 20 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

മഞ്ജു വാര്യർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘പ്രതി പൂവൻ കോഴി’. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സെയിൽസ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു വാര്യർ എത്തുന്നത്. ഡിസംബർ 20നാണ് ‘പ്രതി പൂവൻ കോഴി’ റിലീസ് ചെയ്യുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ അനുശ്രീയും പ്രധാന വേഷത്തിലുണ്ട്. സംവിധാനത്തിന് പുറമെ റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഒരു വേഷത്തിൽ എത്തുന്നുമുണ്ട്.

Read More:‘പെണ്ണുലകം…’; ആവേശം പകര്‍ന്ന് ഉള്‍ട്ടയിലെ ഗാനം: വീഡിയോ

ജയസൂര്യയുടേതായി ‘തൃശൂർ പൂര’മാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘ആട് 2’ന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ‘തൃശൂർ പൂരം’. ഡിസംബർ 20നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ് താരം സ്വാതി റെഡ്ഢിയാണ് ചിത്രത്തിൽ നായിക.

ഷെയിൻ നിഗം നായകനാകുന്ന ‘വലിയ പെരുന്നാളും’ ക്രിസ്മസ് റിലീസായാണ് എത്തുന്നത്. ഡിമൽ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 20 നാണ് വലിയ പെരുന്നാൾ തിയേറ്ററിലേക്ക് എത്തുന്നത്. ഹിമിക ബോസ് ആണ് നായിക. ആക്ഷനും കോമഡിക്കും പ്രാധാന്യംനൽകിയൊരുങ്ങുന്ന ചിത്രമാണിത്. ക്യാപ്റ്റൻ രാജുവിന്റെ അവസാന ചിത്രം കൂടിയാണ് ‘വലിയ പെരുന്നാൾ’.