കേരളം നേരിടുന്ന പ്രതിസന്ധികൾക്കും ചൂഷണങ്ങൾക്കുമെതിരെ സാന്താക്ളോസും ജോക്കറും ഒന്നിക്കുമ്പോൾ- ഒരു അപൂർവ ഫോട്ടോഷൂട്ട്

ഈ ക്രിസ്മസ് ആഘോഷത്തിന്റേത് മാത്രമല്ല ശക്തമായ പ്രതിഷേധങ്ങളുടേത് കൂടിയാണ്. ആയിരം വാക്കുകൾക്ക് തുല്യം ഒരു ചിത്രം സംസാരിക്കും എന്ന് പറയുന്നത് എത്ര സത്യമാണെന്നു വ്യക്തമാക്കുകയാണ് ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ടിലൂടെ ഗോകുൽ ദാസ്. കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു ഗോകുൽ ദാസ്.

പൊതുവെ ശാന്തശീലനായ ഒരു പ്രതീകമാണ് സാന്താക്ളോസ് എല്ലാവർക്കും. കൈനിറയെ സമ്മാനങ്ങളുമായി ആഗ്രഹിക്കുന്നതൊക്കെ എത്തിക്കുന്ന ക്രിസ്മസ് യാത്രികനാണ് സാന്താക്ളോസ്. എന്നാൽ കേരളത്തിൽ ഇത്തവണ സാന്താ എത്തുന്നത് ഒരു കൂട്ടുകാരനൊപ്പമാണ്, ഗോകുലിന്റെ കണ്ണുകളിലൂടെ. മറ്റാരുമല്ല, ലോകം ആരാധിച്ച വില്ലൻ ‘ജോക്കർ’.

ചായം തേച്ച് സർക്കസ് കൂടാരത്തിൽ ചിരി നിറയ്ക്കുന്ന കോമാളികളിൽ നിന്നും തീർത്തും വ്യതസ്തനായ, വ്യവസ്ഥിതികളും ചുറ്റുപാടുകളും വില്ലനാക്കി മാറ്റിയ ജോക്കറെ ടോഡ് ഫിലിപ്സ് കാണിച്ച് തന്നപ്പോൾ അങ്ങനെയൊരാളെ സമൂഹം ആവശ്യപ്പെടുന്നു എന്ന് പോലും വാദങ്ങൾ ഉയർന്നിരുന്നു.

Read More:ദേശിയ പുരസ്കാരം ഏറ്റു വാങ്ങി കീർത്തി സുരേഷും ജോജുവും
സാന്താക്ളോസും ജോക്കറും ഒന്നിച്ചെത്തുന്നത് ഒരുപാട് പാഠങ്ങൾ പഠിപ്പിക്കാനാണ്. പീഡനങ്ങൾക്കെതിരെ, ലൈംഗീക ചൂഷണങ്ങൾക്കെതിരെ, റോഡിൻറെ അവസ്ഥകൾക്കെതിരെ, അങ്ങനെ പ്രതിഷേധങ്ങളുടെ വിവിധ ഭാവങ്ങൾ ഗോകുൽ ദാസ് ജോക്കറേയും ക്രിസ്മസ് അപ്പൂപ്പനെയും ഒന്നിപ്പിച്ച് അവതരിപ്പിക്കുന്നു. വാളയാർ പെൺകുട്ടികളുടെ മരണവും ക്ലാസ്സ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹലയും ഒക്കെ ഇതിവൃത്തമാകുന്നു ഈ ചിത്രങ്ങളിൽ.

പിൻസീറ്റ് യാത്രികർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതും നമ്മൾ പാലിക്കേണ്ട നിയമങ്ങളുമെല്ലാം ഈ അപൂർവ കൂട്ടുകെട്ട് ചിത്രങ്ങൾ പഠിപ്പിക്കും. എന്തായാലും ഈ ക്രിസ്മസ് ഇങ്ങനെ തന്നെയാണ് ആവിഷ്കരിക്കപ്പെടേണ്ടത് എന്ന നിലപാടാണ് ഈ ചിത്രങ്ങൾ കണ്ടവർക്ക്. തൃശൂർ സ്വദേശിയാണ് ഗോകുൽ ദാസ്. വ്യത്യസ്തമായ ആശയങ്ങളിലൂടെ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫറാണ് ഗോകുൽ ദാസ്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ഇദ്ദേഹം ശ്രദ്ധേയനാണ്.





