ആശുപത്രിയിൽ കുട്ടികൾക്ക് ക്രിസ്‌മസ്‌ സമ്മാനങ്ങളുമായി താരങ്ങൾ; പതിവ് തെറ്റിക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

December 25, 2022

ഇത്തവണയും മാഞ്ചസ്റ്റർ യുണൈറ്റഡ് പതിവ് തെറ്റിച്ചില്ല. പതിവുപോലെ കുട്ടികളുടെ ആശുപത്രികളിലേക്ക് ക്രിസ്മസ് സമ്മാനവുമായി യുണൈറ്റഡ് താരങ്ങളെത്തി. കളത്തിലെ മിന്നും പ്രകടനങ്ങൾ മാത്രമല്ല ഇങ്ങനെ ചില കാര്യങ്ങൾ കൊണ്ടുകൂടിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും താരങ്ങളും പ്രിയപ്പെട്ടതാകുന്നത്. പതിവ് തെറ്റിക്കാതെ എല്ലാ കൊല്ലവും ആശുപത്രിയിലെത്തി കുട്ടികൾക്കൊപ്പം താരങ്ങൾ സമയം ചെലവഴിക്കും ഇത്തവണയും അത് മുടക്കിയില്ല. താരങ്ങൾ കുട്ടികൾക്ക് സമ്മാനവും ആശംസയും നേര്‍ന്നാണ് മടങ്ങിയത്.

നിരവധി പ്രമുഖ താരങ്ങൾ കുട്ടികൾക്ക് സമ്മാനങ്ങളുമായി എത്തി. ഹാരി മഗ്വെയര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ലിസാൻഡ്രോ മാര്‍ട്ടിനസ് എന്നിവരാണ് സമ്മാനപ്പൊതികളൊരുക്കാൻ മുന്നിലുണ്ടായിരുന്നത്. വനിതാ ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എല്ലാ ക്രിസ്മസിനും മാഞ്ചസ്റ്റര്‍ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയിലായിരിക്കും യുണൈറ്റ‍ഡ് താരങ്ങളുടെ ക്രിസ്മസ് ആഘോഷം. സമ്മാന പൊതികളുമായെത്തുന്ന താരങ്ങൾ ഒരു ദിവസം മുഴുവൻ ആശുപത്രിയിൽ ചെലവഴിക്കും. കേക്ക് മുറിച്ചും പാട്ടുപാടിയും സമ്മാനം നൽകിയും ആഘോഷമാക്കും.

Read More: നൂറോളം തെരുവുനായകൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി യുവാവ്, സമ്മാനമായി കളിപ്പാട്ടങ്ങളും- വിഡിയോ

അതേ സമയം ലോകമെങ്ങും ഇന്ന് ക്രിസ്‌മസ്‌ ആഘോഷിക്കുകയാണ്. ഐശ്വര്യത്തിന്റെയും നന്മയുടെയും സന്ദേശങ്ങൾ ലോകമെങ്ങും പരക്കുകയാണ്. മലയാളികളും ക്രിസ്‌മസ്സിനെ വരവേൽക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം കൊവിഡിന്റെ നിയന്ത്രണങ്ങളില്ലാത്ത ഒരു ഒരു ക്രിസ്‌മസ്‌ കൂടിയാണ് ഇത്തവണത്തേത്. ക്രിസ്‌മസ്‌ ട്രീയും പുൽക്കൂടുമൊരുക്കി മലയാളികൾ ക്രിസ്‌മസ് ദിവസത്തിനായി കാത്തിരിക്കുകയാണ്. കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ സാന്താക്ലോസുകൾ ഗ്രാമങ്ങളിലും നഗരങ്ങളിലും ആഘോഷം വിതറുകയാണ്.

Story Highlights: Manchester united players christmas celebration with kids at hospital