114 കിലോ ഭാരമുള്ള കരടിയെ എടുത്തുയർത്തുമ്പോൾ അടുത്ത നിമിഷം സംഭവിക്കുന്നത്- രസകരമായ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

December 30, 2019

സൗഹൃദങ്ങൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. സിനിമ തിരക്കിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു യാത്ര പതിവാണ് കുഞ്ചാക്കോയ്ക്ക്. മാത്രമല്ല, പരിചയപ്പെടുന്ന എല്ലാവരിലും ഒരു അടുപ്പം കാത്ത് സൂക്ഷിക്കുന്ന കുഞ്ചാക്കോ ബോബൻ ഇപ്പോൾ ഒരു ഗംഭീര ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

114 കിലോ ഭാരമുള്ള തന്റെ സുഹൃത്തിനെ എടുത്ത് പൊക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ സുഹൃത്ത് കുഞ്ചാക്കോയെ എടുത്ത് വായുവിൽ ഉയർത്തുന്ന ചിത്രവുമുണ്ട്. ഫോട്ടോകൾ പങ്കുവെച്ചതിനൊപ്പമുള്ള അടിക്കുറുപ്പാണ്‌ രസകരം.

‘114 കിലോയുള്ള കരടിയെ എടുത്തുയർത്തുമ്പോൾ..അടുത്ത നിമിഷം അവൻ നിങ്ങളെ സൂപ്പർമാൻ ആക്കും..’. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ അജ്മലിനെയാണ് കുഞ്ചാക്കോ ബോബൻ എടുത്തുയർത്തുന്നത്.

നടുവൊടിഞ്ഞില്ലേ എന്നൊക്കെയുള്ള കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഇപ്പോൾ ഉഴിച്ചിലിലാണ് എന്ന രസകരമായ കമന്റാണ് കുഞ്ചാക്കോ നല്കുന്നത്.