‘മുന്തിരി മൊഞ്ചന്‍’ തിയേറ്ററുകളിലേക്ക്; ശ്രദ്ധ നേടി ചിത്രത്തിലെ പ്രണയഗാനം

December 5, 2019

‘ഒരു തവള പറഞ്ഞ കഥ’ എന്ന ടാഗ് ലൈനോടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്ന ചിത്രമാണ് ‘മുന്തിരി മൊഞ്ചന്‍’. ഡിസംബര്‍ ആറ് മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ വിജിത്ത് നമ്പ്യാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു പ്രണയഗാനം. ‘ഓര്‍ക്കുന്നു ഞാനാ…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ശങ്കര്‍ മഹാദേവന്റെ ആലാപനമാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. റഫീഖ് അഹമ്മദിന്റേതാണ് ഈ ഗാനത്തിന്റെ വരികള്‍. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. സംവിധായകനായ വിജിത്ത് നമ്പ്യാരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും.

സലീം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും ‘മുന്തിരി മൊഞ്ചന്‍’ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ‘ടൂര്‍ണമെന്റ്’, ‘ഒരു മെക്‌സിക്കന്‍ അപാരത’, ‘ഫ്രൈഡേ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതും. ശങ്കര്‍ മഹാദേവനു പുറമെ, ശ്രേയ ഘോഷാല്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Read more:അതിശയിപ്പിക്കും ഈ കുഞ്ഞുവാവയുടെ പാട്ട്; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് ഒരു കുട്ടിപ്പാട്ടുകാരി: വീഡിയോ

ഗോപിക അനില്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്‍, സലീമ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. വിശ്വാസ് ഫിലിംസിന്റെ ബാനറില്‍ പി കെ അശോകനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിലെ ‘പതിയെ ഇതള്‍ വിടരും..’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും നേരത്തെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിയ്ക്കുന്നതും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങളും ഏറെ മികച്ചു നില്‍ക്കുന്നു.