‘മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ എനിക്കിനിയും കാത്തിരിക്കേണ്ടി വരും’- മാമാങ്കത്തിലെ വേഷത്തെ കുറിച്ച് നീരജ് മാധവ്
കാത്തിരിപ്പിനൊടുവിൽ മാമാങ്കം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിനപ്പുറം ചിത്രം പ്രേക്ഷകരിൽ ആവേശമായി മാറി കഴിഞ്ഞിരിക്കുന്നു. മാമാങ്ക ചരിത്രത്തോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രം എന്നാണ് വിലയിരുത്തുന്നതും. ഏന്നാൽ മാമാങ്കത്തിലെ നീരജ് മാധവിന്റെ വേഷം കാണാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ആരാധകർ. അതിനെക്കുറിച്ച് നീരജ് തന്നെ വ്യക്തമാക്കുകയാണ്.
നീരജ് മാധവിന്റെ കുറിപ്പ് വായിക്കാം..
മാമാങ്കത്തിൽ എവിടെയാണ് ഞാനെന്നു ചോദിച്ചവർക്കുള്ള വിശദീകരണമാണിത്. എല്ലാവർക്കും അറിയാവുന്നതു പോലെ മാമാങ്കത്തിൽ എനിക്ക് അതിഥി വേഷമായിരുന്നു. അതിനായി കഴിഞ്ഞ ഏപ്രിൽ മാസം ഒരാഴ്ചയോളം ഷൂട്ടിങ്ങുമുണ്ടായിരുന്നു.
അതിഥിയാണെങ്കിലും സിനിമയിൽ നിർണായക വേഷം തന്നെയായിരുന്നു. അതിനു വേണ്ടി കളരിപ്പയറ്റും മറ്റ് ആയോധന കലകളും ഒരു മാസത്തോളം അഭ്യസിക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി തിരക്കഥയും സംവിധാനവും അഭിനേതാക്കളുമൊക്കെ മാറിയപ്പോൾ പുതിയ കഥയിൽ എന്റെ ഭാഗം യോജിക്കുന്നില്ലന്നു അറിയിക്കുകയും ഫൈനൽ കട്ടിൽ ഒഴിവാക്കുകയുമായിരുന്നു.
അല്പം വേദനിപ്പിച്ചുവെങ്കിലും സിനിമയുടെ നല്ലതിന് വേണ്ടി ആയതിനാൽ പരാതിയില്ല. എന്റെ രംഗങ്ങൾ യൂട്യൂബിൽ ഡിലീറ്റഡ് രംഗങ്ങളായി എത്തുമ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും. മാമാങ്കം ടീമിന് ആശംസകൾ നേരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ എനിക്കിനിയും കാത്തിരിക്കേണ്ടി വരും.
മമ്മൂട്ടിയും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ മുൻനിര താരങ്ങളാണ് അണിനിരന്നത്. മാസ്റ്റർ അച്യുതൻ ആണ് റിലീസിന് ശേഷം ഏറ്റവുമധികം കയ്യടി വാങ്ങിയ താരം. സിദ്ദിഖ്, പ്രാചി തെഹ്‌ലൻ, അനുസിത്താര, ഇനിയ, കനിഹ തുടങ്ങി ഒട്ടേറെ താരങ്ങൾ മാമാങ്കത്തിൽ അണിനിരന്നു.