പുരസ്‌കാരം ഏറ്റുവാങ്ങി; ശേഷം വേദിയില്‍ കുടുക്ക് പാട്ടിന് ചുവടുവെച്ച് നിവിന്‍ പോളി: വീഡിയോ

December 19, 2019

വെള്ളിത്തിരയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അതുല്യ നടനാണ് നിവിന്‍ പോളി. ഇപ്പോഴിതാ ഒരു പുരസ്‌കാരവേദിയില്‍ സ്വന്തം സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് കൈയടി നേടിയിരിക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സ് പുരസ്‌കാര വേളയിലാണ് അവതാരകന്റെ ആവശ്യപ്രകാരം നിവിന്‍പോളി ചുവടുവെച്ചത്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നിട് ചുവടുവയ്ക്കുകയായിരുന്നു താരം. നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്ക് പാട്ടിനായിരുന്നു താരത്തിന്റെ നൃത്തം.

മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന്‍ പോളിക്ക് പുരസ്‌കാരം ലഭിച്ചത്. ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രം ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധ നേടി. ചലച്ചിത്ര മേളകളിലും മികച്ച പ്രതികരണം നേടിയ ചിത്രമാണ് മൂത്തോന്‍. മുംബൈയില്‍ വെച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് മൂത്തോന്‍ എന്ന ചിത്രത്തിന് ലഭിച്ചത്.

Read more: പാടത്ത് കൃഷിക്കിടയില്‍ പാട്ട്; ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ ‘പോപ് ഗായകനെ’ വരവേറ്റ് സമൂഹമാധ്യമങ്ങള്‍

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേയ്ക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്.

ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡയസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു.