വിസ്മയമാണ് മമ്മൂട്ടി; കൈയടി നേടി ‘ഷൈലോക്ക്’ ടീസര്‍

December 20, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ടീസര്‍. മാസ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും ഇത് ശരിവയ്ക്കുന്നു.

ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

Read more: സിരകളില്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്താന്‍ പ്രേക്ഷകര്‍ക്കായി ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്; ഡിസംബര്‍ 28 ന്

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്. മീനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്റെ പേര് ‘കുബേരന്‍’ എന്നാണ്.