പ്രണയം പറഞ്ഞ് സണ്ണി വെയ്ൻ; മനോഹര ഗാനം ആലപിച്ച് ഹരിശങ്കർ

December 23, 2019

വെള്ളിത്തിരയിലെ മികച്ച അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് സണ്ണി വെയ്ൻ. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതൻ ആന്റണി.

ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ നായികയായി സഞ്ജന എന്ന കഥാപാത്രമായി ഗൗരി ജി കിഷനും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ തയാറാക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്.

ചലച്ചിത്രലോകത്ത് ശ്രദ്ധ ആകർഷിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍. സണ്ണി വെയ്‌നും ഒരു നായയുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസറും ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കാമിനി എന്ന ഗാനത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read also: “ഒന്നുകില്‍ കല്യാണം നടത്തി താ, അല്ലെങ്കില്‍ നാട്ടുകാരുടെ ചോദ്യം ഒന്ന് അവസാനിപ്പിച്ച് താ”: ശ്രദ്ധ നേടി ‘ജാതകം’

അതേസമയം ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ഗൗരി. ’96’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗൗരി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ്, കായംകുളം കൊച്ചുണ്ണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ വെള്ളിത്തിരയിലെ സജീവ സാന്നിധ്യമായി. തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ജിപ്‌സി എന്നാണ് സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്. സഖാവ് ബാലനായാണ് ‘ജിപ്‌സി’യില്‍ സണ്ണിവെയ്ന്‍ എത്തുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.