അഭിനയത്തില്‍ അതിശയിപ്പിച്ച് രജിഷ വിജയന്‍; ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം

December 19, 2019

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. രജിഷ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മാണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

അതേസമയം ഗാനാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് സ്റ്റാന്‍ഡ് അപ്പിലെ പുതിയ ഗാനം. ചിത്രത്തിലെ കഥകള്‍ പറയേ… എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനത്തെക്കുറിച്ച് സംവിധായിക വിധു വിന്‍സെന്റ് നേരത്തെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ‘ബിലു പദ്മിനി നാരായണന്‍ എഴുതി വര്‍ക്കി സംഗീതം നല്കി സയനോര പാടിയ സ്റ്റാന്റപ്പിലെ മറ്റൊരു ഗാനം. തോരാത്ത സങ്കടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ആളലുണ്ട് ഈ പാട്ടിലെ വരികള്‍ക്ക്.. ഒപ്പം എല്ലാ വേദനകളെയും അതിജീവിച്ച് എഴുന്നു നില്ക്കുന്ന സ്ത്രീയുടെ ഉള്‍ക്കരുത്തുമുണ്ട്.’ വിധു ഫേസ്ബുക്കില്‍ കുറിച്ചു. ഗാനരംഗത്തിലെ രജിഷയുടെ അഭിനയവും കയ്യടി നേടുന്നു.

Read more: ഹീറോയായി ശിവകാര്‍ത്തികേയന്‍ ഒപ്പം കല്യാണിയും; ‘ഹീറോ’യിലെ ഡിലീറ്റ് ചെയ്ത രംഗം: വീഡിയോ

‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ബിലു പദ്മിനി നാരായണനാണ് ഗാനരചന. വര്‍ക്കി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമ, സജിത മഠത്തില്‍, നിസ്താര്‍ സേഠ്, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.