‘മരീബായിലെ ഈ ജലം…’; ശ്രദ്ധ നേടി ‘താക്കോല്‍’-ലെ ഗാനം: വീഡിയോ

December 5, 2019

ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘താക്കോല്‍’. നവാഗതനായ കിരണ്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. താക്കോല്‍ ഡിസംബര്‍ ആറ് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഗാനം. മരീബായിലെ ഈ ജലം… എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

സതീഷ് ഇടമണ്ണേലിന്റേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഹരിശങ്കറിന്റെ മനോഹരമായ ആലാപനം ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. ഇന്ദ്രജിത്ത് ആണ് ഗാനരംഗത്ത് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അതേസമയം ചിത്രത്തില്‍ ഷാജി കൈലാസിന്റെ മകന്‍ റുഷിനും അഭിനയിക്കുന്നുണ്ട്. ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

മലയാള ചലച്ചിത്ര ലോകത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസ് ആണ് ‘താക്കോല്‍’ എന്ന സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. പാരഗണ്‍ സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. ചിത്രത്തില്‍ ഇനിയയും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഇലക്ട്ര’ എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. ‘അരനാഴിക നേരം’ എന്ന സീരിയലിന്റെ തിരക്കഥക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു.

Read more:വേണ്ടിവന്നാല്‍ സ്വന്തം ചിത്രം വരയ്ക്കാനും ആനയ്ക്ക് അറിയാം; കൈയടി നേടി ചിത്രകാരനായ കുട്ടിയാന: വീഡിയോ

ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളി എന്നാണ് ‘താക്കോല്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫാദര്‍ മാങ്കുന്നത്ത് പൈലി എന്ന കഥാപാത്രമായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി ബാലചന്ദ്രന്‍, ഡോ. റോണി, മീര വാസുദേവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.