കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ സ്‌നേഹം; പ്രേക്ഷകമനം തൊട്ട് ലച്ചുവിന്റെ കല്യാണ വീഡിയോ

December 30, 2019

അടുക്കളയില്‍ നിന്നും ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്ഥാനക്കയറ്റം നടത്തിയതാണ് ഫ്ളവേഴ്‌സ് ടിവിയിലൂടെ ‘ഉപ്പും മുളകും’ എന്ന വാക്ക്. അത്രമേല്‍ പ്രേക്ഷക സ്വീകാര്യത നേടി ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും പരിപാടി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഒരല്പം നര്‍മ്മംകൂടി ഉള്‍പ്പെടുത്തി അവതരിപ്പിക്കുകയാണ് ഉപ്പും മുളകും പരിപാടിയില്‍.

കുറച്ചു ദിവസങ്ങളായി പ്രേക്ഷകരെല്ലാം കാത്തിരുന്നത് ലച്ചുവിന്റെ കല്യാണത്തിനായാണ്. ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തിലാണ് ലച്ചുവിന്റെ കല്യാണം സംപ്രേക്ഷണം ചെയ്തത്. സിദ്ധാര്‍ത്ഥ് ആണ് ലച്ചുവിന് താലി ചാര്‍ത്തിയത്. ആഘോഷപൂരിതമായിരുന്നു ലച്ചുവിന്റെ വിവാഹം. ഉപ്പും മുളകും പരിപാടിയിലെ ബാലു നീലു ദമ്പതികളുടെ മക്കളില്‍ രണ്ടാമത്തെയാളാണ് ലച്ചു. ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയുടെ വിളിപ്പേരാണ് ലച്ചു എന്നത്.

പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഡെയിന്‍ ഡേവിഡ് എന്ന ഡിഡിയാണ് സിദ്ധാര്‍ത്ഥായി ഉപ്പും മുളകും പരിപാടിയിലേക്കെത്തിയിരിക്കുന്നത്. ലച്ചുവിന്റെ വിവാഹ ചിത്രങ്ങളും കല്യാണ വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.

അതേസമയം ലച്ചുവിന്റെ കല്യാണത്തോട് അനുബന്ധിച്ചുള്ള എപ്പിസോഡില്‍ (എപ്പിസോഡ് 1012) ഏറെ ഹൃദയസ്പര്‍ശിയായ ഒരു രംഗമുണ്ട്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങാന്‍ നില്‍ക്കുന്ന മകളെ ചേര്‍ത്തു നിര്‍ത്തി അച്ഛന്‍ ബാലു പറയുന്ന ചില കാര്യങ്ങള്‍. കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ല ഈ രംഗം. അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് ലച്ചുവും ബാലുവും തമ്മിലുള്ള സംഭാഷണം.