ആക്ഷനും പ്രണയവും സസ്‌പെന്‍സും നിറച്ച് ‘വലിയ പെരുന്നാള്‍’ ട്രെയ്‌ലര്‍

December 14, 2019

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ഷെയ്ന്‍ നിഗം. താരത്തിന്റെ അഭിനയം എക്കാലത്തും വെള്ളിത്തിരയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘വലിയ പെരുന്നാള്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും പ്രണയവും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്ന് ആദ്യമേ പറഞ്ഞിട്ടില്ലേ…’ എന്ന ഷെയന്‍ നിഗത്തിന്റെ ഡയലോഗോടുകൂടിയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. മലയാളികളുടെ പ്രിയതാരം വിനായകനും ട്രെയ്‌ലറില്‍ ശബ്ദം നല്‍കിയിട്ടുണ്ട്.

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ഡിമല്‍ ഡെന്നിസും തസ്രിഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിനു പുറമെ, വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹിമിക ബോസാണ് ചിത്രത്തില്‍ ഷെയ്‌ന്‍ നിഗത്തിന്റെ നായികാ കഥാപാത്രമായെത്തുന്നത്.

Read more:“പടം സൂപ്പര്‍ ആയിരുന്നു മോനേ, അല്ല മോന്‍ ഏതാ ഈ പടത്തില്‍…”; ആരാധകന്റെ ചോദ്യത്തിന് രസികന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.