‘മരട് 357’- നായകന്മാരായി അനൂപ് മേനോനും ധർമ്മജനും
ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് കണ്ണൻ താമരക്കുളം. ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ‘മരട് 357’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ താരങ്ങളെ പ്രഖ്യാപിച്ചു. വലിയ താര നിരയിലാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ സംവിധായകൻ കണ്ണൻ താമരക്കുളമാണ് ഫ്ളവേഴ്സ് ഓൺലൈനോട് പങ്കുവെച്ചത്.
അനൂപ് മേനോനും ധർമജനുമാണ് ആണ് നായകന്മാർ. ഷീലു ഏബ്രഹാമും നൂറിൻ ഷെരീഫും നായികമാരായി എത്തുന്നു. ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നതെന്ന് കണ്ണൻ താമരക്കുളം പറഞ്ഞു.
ബൈജു സന്തോഷ്, പ്രേം കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, ജയൻ ചേർത്തല, രാജാമണി(സെന്തിൽ), ശ്രീജിത്ത് രവി, കൈലാഷ്, ജയകൃഷ്ണൻ പടന്നയിൽ, കൃഷ്ണ, കലാഭവൻ ഹനീഫ്, സരയു, അഞ്ജലി എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങൾ.
ഫോർ മ്യുസിക്സ് ആണ് സംഗീതം. രചന കൈതപ്രം, രാജീവ് ആലുങ്കൽ. ക്യാമറ രവി ചന്ദ്രൻ, എഡിറ്റ് – വി ടി ശ്രീജിത്ത്. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു ആണ് നിർമാണം.