‘ഭാഗ്യം കൊണ്ട് മാത്രമാണ് തിരിച്ച് വീട്ടിലെത്തിയത്’- ‘ദി കുങ്ഫു മാസ്റ്റർ’ ഷൂട്ടിങ്ങിനിടെ നേരിട്ട വെല്ലുവിളികൾ പങ്കുവെച്ച് എബ്രിഡ് ഷൈൻ

January 12, 2020

‘1983’, മുതൽ ‘പൂമരം’ വരെയുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഇടം നേടിയ സംവിധായകനാണ് എബ്രിഡ് ഷൈൻ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘ദി കുങ്ഫു മാസ്റ്ററു’മായി ഒരു ഹോളിവുഡ് തലത്തിലുള്ള കാഴ്ചാനുഭവം ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നേരിട്ട പ്രതിസന്ധികൾ പങ്കുവെയ്ക്കുകയാണ് എബ്രിഡ് ഷൈൻ.

‘നല്ല ബുദ്ധിമുട്ടായിരുന്നു തണുപ്പത്തുള്ള ചിത്രീകരണം… തണുപ്പുകാരണം ബാത്ത് റൂമില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ. തെര്‍മല്‍ വസ്ത്രങ്ങളായിരുന്നു ആശ്രയം. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സമയത്ത് ലൈറ്റ് വെയ്റ്റ് ഷൂവാണ് താരങ്ങള്‍ ധരിച്ചിരുന്നത്. അവരും നന്നായി ബുദ്ധിമുട്ടി. വെളിച്ചം വളരെ കുറവായിരുന്നു. രാവിലെ പത്ത് മണിക്ക് വെളിച്ചം വന്നാല്‍ നാല് മണിയാകുമ്പോഴേക്കും പോകും. പിന്നെ നല്ല മഞ്ഞായതിനാല്‍ വാഹനം തെന്നിപ്പോകും. ഒരുഭാഗത്താകട്ടെ, കൊക്കയും. ചിത്രീകരണത്തിനിടെ മൂന്ന് തവണയാണ് വണ്ടി മറിഞ്ഞത്. ഭാഗ്യമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തിരിച്ച് വീട്ടിലെത്തിയത്’. എബ്രിഡ് പറയുന്നു.

പൂമരത്തിലെ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്കറിയയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.സനൂപ് ഡി, സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസാണ് ചിത്രം നിർമിക്കുന്നത്.

അർജുൻ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്.ചിത്രത്തിന്റെ എഡിറ്റിംഗ്‌ കെ ആർ മിഥുൻ. ചിത്രം ജനുവരി 24ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.