നായികയായി നമിത പ്രമോദ്; ‘അല്‍ മല്ലു’ ജനുവരി 10 ന്

January 8, 2020

നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. ‘അല്‍ മല്ലു’ എന്നാണ് ചിത്രത്തിന്റെ പേര്. ബോബന്‍ സാമുവല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. പ്രവാസജീവിതം പശ്ചാത്തലമാക്കിയാണ് ‘അല്‍ മല്ലു’ ഒരുങ്ങുന്നത്. ജനുവരി 10 മുതല്‍ ‘അല്‍ മല്ലു’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

‘അല്‍ മല്ലു’ എന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജില്‍സ് മജീദാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്.

Read more: കുഞ്ചാക്കോ ബോബന്റെ കൈക്കുമ്പിളില്‍ നിറ ചിരിയുമായി കുഞ്ഞ് ഇസ; ഹൃദ്യം ഈ വീഡിയോ

അല്‍ മല്ലു എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ചിത്രത്തിലെ ‘ഏദന്‍ തോട്ടത്തിന്‍..’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ജാസ്സി ഗിഫ്റ്റ്, അഖില ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിയ ആണ് ഈ ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്.