ഇത് അയ്യപ്പൻ കോശി സീസൺ; കലിപ്പ് ലുക്കിൽ ബിജു മേനോനും പൃഥ്വിയും, ട്രെയ്‌ലർ

January 23, 2020

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് പൃഥ്വിരാജും ബിജു മേനോനും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഏറെ സസ്‌പെൻസും ആകാംഷയും നിറച്ച് ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്.

അതേസമയം മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ സച്ചി ഒരുക്കിയ അനാർക്കലി. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കുന്ന പുതിയ ചിത്രത്തെയും ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. അനാർക്കലി ഇറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രവുമായി ഈ ടീം ഒന്നിക്കുന്നത്.

അട്ടപ്പാടിയിലെ സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിയും ചിത്രത്തിൽ വേഷമിടുന്നു.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്ജിത്ത് അന്നാ രേഷ്മാ രാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Read also: ആവേശത്തോടെ ‘ഏക്താ ബോസ്’ പാടി ഉണ്ണി മുകുന്ദന്‍; ഷൈലോക്ക് പ്രൊമോ ഗാനം

അതേസമയം പൃഥ്വിയെ  പ്രധാന കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവും അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്.