ഭാമയ്ക്ക് ഇനി കല്യാണമേളം- മംഗല്യ പട്ടൊരുക്കിയ വിശേഷം പങ്കുവെച്ച് നടി
ശാലീന സൗന്ദര്യം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് ഭാമ. മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും നടി സജീവമായിരുന്നു. ഇപ്പോൾ കല്യാണത്തിരക്കിലാണ് താരം. ഫാഷൻ ഡിസൈനർ ആൻ ആന്റണിയുടെ പിറന്നാൾ ആഘോഷത്തിൽ ഭാമയും വരൻ അരുണും ഒന്നിച്ച് പങ്കെടുത്തപ്പോൾ മുതൽ വിവാഹം എന്നാണെന്നു ആരാധകർ തിരക്കിയിരുന്നു.
ഇപ്പോൾ മംഗല്യപ്പട്ടു തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഭാമ. കസവ് നെയ്ത കേരള സാരിയാണ് ഭാമയ്ക്കായി പരമ്പരാഗത രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്. ബാലരാമപുരം കൈത്തറി ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന സാരിയിൽ നീളൻ കസവ് വരകളാണ് നിറയെ. ഭാമയ്ക്കായി സാരി തയ്യാറാക്കുന്നതിൽ അഭിമാനമുണ്ടെന്ന് കുറിപ്പോടെ നിർമിക്കുന്ന വീഡിയോയും സാരിയുടെ ചിത്രങ്ങളും സാരി നിർമിച്ച മംഗല്യകസവും പങ്കുവെച്ചിട്ടുണ്ട്.
കുടുംബ സുഹൃത്താണ് ഭാമയുടെ വരൻ അരുൺ. ഭാമയുടെ സഹോദരി ഭർത്താവിന്റെ സഹപാഠിയാണ് അരുൺ. ചെന്നിത്തല സ്വദേശിയായ അരുൺ, ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുകയാണ്. കോട്ടയത്ത് ആണ് ഭാമയുടെ വിവാഹം നടക്കുക. കൊച്ചിയിൽ വിപുലമായ റിസപ്ഷനും നടക്കും.