ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ‘ഛപാക്’ ചിത്രത്തിന്റെ ടിക്കറ്റിന് നികുതി വേണ്ട: തീരുമാനം രണ്ട് സംസ്ഥാനങ്ങളുടേത്
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രമാണ് ഛപാക്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റിന് നികുതി വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് രണ്ട് സംസ്ഥാനങ്ങള്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകളാണ് തീരുമാനത്തിന് പിന്നില്‍. ആസിഡ് ആക്രമണത്തിന് ഇരയായവരുടെ കഥയാണ് ഛപാക് പറയുന്നതെന്നും അതിനാല്‍ ചിത്രത്തിന്റെ ടിക്കറ്റിന് നികുതി ഒഴിവാക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ട്വിറ്ററിലൂടെ അറിയിച്ചു.
ദീപിക പദുക്കോണ്‍ ആണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രം’ എന്നാണ് മാല്‍തിയെ ദീപിക വിശേഷിപ്പിച്ചത്. വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’.
Read more: മമ്മൂട്ടിയുടെ ഷൈലോക്കിന് വേണ്ടി ഗോപി സുന്ദറിന്റെ മാസ്സ് ബിജിഎം
പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ലക്ഷ്മി. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്കാരവും ലക്ഷ്മിയെ തേടിയെത്തി.