മഞ്ജുവും സണ്ണി വെയ്‌നും ഒന്നിക്കുന്നു; ശ്രദ്ധനേടി ‘ചതുർ മുഖം’ ഫസ്റ്റ് ലുക്ക്

January 3, 2020

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ചതുർ മുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് ആണ് നിര്‍മാണം.

അതേസമയം ഹൊറര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. രഞ്ജി പണിക്കര്‍, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിനുവേണ്ടി ക്യാമറ ചെയ്യുന്നത്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകരും.

മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയമായ താരമാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 മെയ് മാസം തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘കയറ്റം’ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രതി പൂവൻ കോഴിയാണ് മഞ്ജുവിന്റേതായി വെള്ളിത്തിരയിൽ അവസാനം എത്തിയ ചിത്രം.

Read more: ത്രില്ലടിപ്പിക്കാൻ അൽ മല്ലു; ട്രെയ്‌ലർ

‘അനുഗ്രഹീതന്‍ ആന്റണി’യാണ് സണ്ണി വെയ്‌ന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായി സഞ്ജന എന്ന കഥാപാത്രമായി ഗൗരി ജി കിഷനും ചിത്രത്തിലെത്തുന്നു. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രത്തിന്റെ നിര്‍മാണം.

Proudly presenting the title poster of my new film "CHATHURMUGHAM"@sunnywayn @ranjeetkamalasankar @salilsankaran @abinandhanramanujam @jisstoms @bineeshchandra @binu.g.nair.35

Posted by Manju Warrier on Thursday, 2 January 2020

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, ‘മോസയിലെ കുതിരമീനുകള്‍’, ‘കൂതറ’, ‘നീ കോ ഞാ ചാ’, ‘അലമാര’, ‘ഫ്രഞ്ച് വിപ്ലവം’, ‘പോക്കിരി സൈമണ്‍’, ‘കായംകുളം കൊച്ചുണ്ണി’, ‘ആന്‍മരിയ കലിപ്പിലാണ്’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി. തമിഴ് സിനിമയിലും സണ്ണി വെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. ‘ജിപ്‌സി’ എന്നാണ് സണ്ണി വെയ്‌ന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പേര്.