ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍: വീഡിയോ
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന പുതിയ ചിത്രമാണ് ‘ഛപാക്’. ദീപിക പദുക്കോണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രമായി ദീപിക മുംബൈയിലെ പൊതു ഇടങ്ങളിലൂടെ സഞ്ചരിച്ചിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരോടുള്ള സമൂഹത്തിന്റെ മനോഭാവം എങ്ങനെയുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ രൂപത്തില്‍ മൊബൈല്‍ ഫോണ്‍ കടകളിലും ടെക്‌സറ്റൈല്‍സുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ദീപിക കടന്നുചെന്നു. ഈ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ചിലര്‍ ശ്രദ്ധിക്കാതെ കടന്നു പോകുന്നതും മറ്റ് ചിലര്‍ ചെറു പുഞ്ചിരി സമ്മാനിക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം. ‘ഛപാക്’ സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് ഈ ഉദ്യമത്തിന് പിന്നില്‍. ‘പല കാര്യങ്ങളോടുമുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു’ എന്ന ദീപികയുടെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
അതേസമയം ദീപിക പദുക്കോണിന്റെ സിനിമാ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ‘ഛപാക്’ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.’മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രം’ എന്നാണ് മാല്‍തിയെ ദീപിക വിശേഷിപ്പിച്ചത്.
വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ജനുവരി 10 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ലക്ഷ്മി. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. ലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമെന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.