പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തുന്നതായി സൂചന

January 7, 2020

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതായി സൂചനകള്‍ പുറത്തുവരുന്നു. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ഈ മാസം നടക്കുന്ന ഏകദിന, ടി-20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2019 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി-20 മത്സരത്തിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. അതേസമയം ഏകദിന, ടി-20 ടീമില്‍ ഇടം നേടിയാലും ടെസ്റ്റ് ടീമില്‍ ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടാനുള്ള സാധ്യത കുറവാണെന്നും മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി 24-നാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുക. അഞ്ച് ടി 20 മത്സരങ്ങളും 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടുന്നത്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന് നടക്കും. ഇന്‍ഡോറില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. ഗുവാഹത്തിയില്‍ വെച്ചു നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആകെ മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.