‘കാതലേ കാതലേ…’ മനോഹാരിത ചോരാതെ തെലുങ്ക് പതിപ്പും: വീഡിയോ

January 28, 2020

മികച്ച പ്രതികരണം നേടി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചില രംഗങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയതാണ് ചിത്രത്തിലെ ‘കാതലേ കാതലേ…’ എന്ന ഗാനം. പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം നിഴലിച്ച ഈ ഗാനം ഭാഷാഭേദമന്യേ സംഗീതാസ്വാദകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഈ ഗാനത്തിന്റെ തെലുങ്ക് പതിപ്പ്.

തമിഴില്‍ തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തെ തെലുങ്കില്‍ സമാന്തയാണ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രത്തെ ഷര്‍വ്വാനന്ദും അവതരിപ്പിക്കുന്നു. അതേസമയം തമിഴില്‍ ’96’ സംവിധാനം ചെയ്ത പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീവെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: കൊറോണ വൈറസ്: മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവർ അറിയാൻ, നിർദ്ദേശങ്ങളുമായി അധികൃതർ

‘ജാനു’ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്. ’96’ എന്ന ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച ഗൗരി ജി കിഷന്‍ ആണ് ‘ജാനു’ എന്ന ചിത്രത്തില്‍ സമാന്തയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ 96 കന്നഡയിലേക്കും റീമേയ്ക്ക് ചെയ്തിരുന്നു. ’99’ എന്നായിരുന്നു കന്നഡ റീമേക്കിന്റെ പേര്. അതേസമയം മലയാളികളുടെ പ്രിയതാരം ഭാവനയാണ് ’99’ എന്ന ചിത്രത്തില്‍ നായികയായെത്തിയത്. ഗണേഷായിരുന്നു നായകകഥാപാത്രം. ’99’ എന്ന ചിത്രവും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടയിരുന്നു.