ഡൗണ്‍ സിന്‍ഡ്രോമിനെ തോല്പിച്ച് മോഡലായി; പ്രചോദനം ഈ ജീവിതം
ചില സ്വപ്നങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ചരിത്രം പോലും വഴി മാറും. ഫാഷന്‍ റാമ്പുകളിലെ ചരിത്രം പോലും വഴി മാറിക്കൊടുത്ത ഒരു മോഡലുണ്ട്; അയര്‍ലണ്ട് സ്വദേശിനി കേറ്റ് ഗ്രാന്‍ഡ്. ഡൗണ്‍ സിന്‍ഡ്രോമിനെ തോല്പിച്ച് സ്വപ്നങ്ങള്‍ക്ക് ചിറക് നല്കിയ സുന്ദരി. ബെല്‍ഫാസ്റ്റ് ഫാഷന്‍ വീക്കിന്റെ റാമ്പിലടക്കം ചുവടുവെച്ച കേറ്റിന് ഫാഷന്‍ ലോകം നല്‍കുന്നത് നിറഞ്ഞ കൈയടികളും പ്രോത്സാഹനങ്ങളുമാണ്.
കേറ്റിന്റെ പ്രകടനത്തിനു മുമ്പില്‍ ആര്‍ക്കും കൈയടിക്കാതിരിക്കാനാവില്ല, അത്രമേല്‍ അവര്‍ണ്ണനീയമാണ് അവളുടെ കണ്ണുകളില്‍ തെളിയുന്ന ആത്മവിശ്വാസം. ചെറുപ്പം മുതല്‍ക്കെ ഫാഷനോടുള്ള ഈ സുന്ദരിയുടെ താല്പര്യം തിരിച്ചറിഞ്ഞത് അമ്മയായ ഡിയാഡ്രേ ആണ്. തന്റെ മകള്‍ക്ക് നല്കുന്ന സന്തോഷത്തേക്കാള്‍ മറ്റൊന്നിനും വില കല്പിച്ചിരുന്നില്ല ആ അമ്മ.
സ്വന്തം നാട്ടില്‍വെച്ചു നടന്ന ഒരു ചാരിറ്റി ഫാഷന്‍ ഷോയില്‍ മകളെ പങ്കെടുപ്പിച്ച ഡിയാഡ്രോ കരുതിയത് അവളുടെ ഫാഷന്‍ ഭ്രമം അതോടെ തീരുമെന്നായിരുന്നു. എന്നാല്‍ അതിനുമപ്പുറം ഒരുപാട് ആഴത്തില്‍ വേരൂന്നിയിരുന്നു കേറ്റിന്റെ ഉള്ളിലെ ഫാഷന്‍ സ്വപ്നങ്ങള്‍. ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ ഓസ്ട്രേലിയന്‍ മോഡല്‍ മാഡിലിന്‍ സ്റ്റുവര്‍ട്ടായിരുന്നു കേറ്റിന്റെ റോള്‍ മോഡല്‍. തന്റെ മകളുടെ സ്വപ്നങ്ങളുടെ ആഴവും പരപ്പും ബോധ്യമായതോടെ കേറ്റിന്റെ സ്വപ്നങ്ങളുടെ ചിറകുകള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ തുടങ്ങി ആ അമ്മ.
Read more: ഈ ഹ്യൂമനോയിഡ് ഇനി ബഹിരാകാശത്തേക്ക്; ചരിത്ര ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ
ഡിയാഡ്രേ, കേറ്റിന്റെ ഫോട്ടോകളുമായി അനേകം പരസ്യ കമ്പനികളെയും ഫാഷന്‍ മാസികകളെയും സമീപിച്ചു. എല്ലായിടത്തുനിന്നും അവര്‍ക്ക് ലഭിച്ചത് നിരാശ പകരുന്ന മറുപടികള്‍ മാത്രം. അവസാന പരിശ്രമം എന്ന നിലയില്‍ കേറ്റിന്റെ ഫാഷന്‍ ഭ്രമത്തെക്കുറിച്ച് ഒരു കുറിപ്പെഴുതി ചിത്രങ്ങളും ഒപ്പം ചേര്‍ത്ത് ഡിയാഡ്രേ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ആരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ സമൂഹമാധ്യമങ്ങള്‍ കേറ്റിനെ ഏറ്റെടുത്തു.
വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്ന് നിരവധി ഫാഷന്‍ വേദികളില്‍ കേറ്റ് ഗ്രാന്റ് നിറസാന്നിധ്യമാണ്. അനേകര്‍ക്ക് പ്രോചോദനം നല്‍കുന്നുണ്ട് കേറ്റിന്റെ ജീവിതം. സമൂഹമാധ്യമങ്ങളിലും സജീവമായ കേറ്റിന് ആരാധകരും ഏറെയാണ്. ജീവിതത്തില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ തകര്‍ന്നുപോകുന്നവര്‍ക്ക് സ്വപനം കാണുവാന്‍ പ്രചോദനം നല്‍കുകയാണ് കേറ്റിന്റെ ജീവിതം…